ദൈവം ഒരിടത്തും നേരിട്ട് പ്രത്യക്ഷപ്പെടാറില്ല. ഏതോ നിമിത്തങ്ങളിലൂടെ എല്ലാവരെയും എല്ലായ്പ്പോഴും സഹായിച്ചുകൊണ്ടിരിക്കും. കാസര്‍കോട്ടെ ഒരു ജ്വല്ലറിയില്‍ അടുത്തിടെ കാണാനായതും കാരുണ്യത്തിന്‍റെ ആ മഹാ പ്രവാഹമാണ്.
ഒരുച്ചനേരം.
ജ്വല്ലറിയുടെ കാഷ് കൌണ്ടറിന് മുന്നില്‍ ഒരു വൃദ്ധന്‍ നില്‍ക്കുന്നു. ആ മുഖത്തെ ദൈന്യത ആരെയും സങ്കടപ്പെടുത്തിക്കളയും. ജ്വല്ലറി ഉടമയുടെ ചോദ്യങ്ങള്‍ക്ക് മുന്പില്‍ വൃദ്ധന്‍ പരുങ്ങുകയാണ്.
ഒന്നിനും മറുപടി പറയാതെ, കണ്ണുകളില്‍ നിറഞ്ഞുനില്‍ക്കുന്ന ദൈന്യതയുമായി വൃദ്ധന്‍ കൈവിരലുകള്‍ മേശമേല്‍ അമര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നു. ഞാന്‍ അരികില്‍ ചെന്ന് അവരുടെ സംസാരം ശ്രദ്ധിച്ചു.
വൃദ്ധന്‍, മകളുടെ വിവാഹത്തിന് വാങ്ങിയ സ്വര്‍ണത്തിന്‍റെ പണം മാസങ്ങള്‍ കഴിഞ്ഞിട്ടും കൊടുക്കാത്തതിന്‍റെ പരിഭവം പറയുകയാണ് ജ്വല്ലറിയുടമ.
മുഖത്ത് ഗൌരവം തുടിച്ചുനില്ക്കുന്നുണ്ടെങ്കി
ഒന്നും മിണ്ടാതെയുള്ള വൃദ്ധന്‍റെ നില്‍പ്പ് തന്നെയാണ് ജ്വല്ലറിയുടമയെ ചൊടിപ്പിക്കുന്നതും.
'വായ തുറന്ന് എന്തെങ്കിലും പറയ് നിങ്ങള്‍... ഇങ്ങനെ മിണ്ടാതെ നിന്നാല്‍ ഞാനെന്തു ചെയ്യും. എപ്പോള്‍ കാശ് തരാന്‍ പറ്റുമെന്നെങ്കിലും ഒന്നു പറയ്...' -ദേഷ്യം വന്ന് നിറയുന്പോഴും ജ്വല്ലറി ഉടമ സ്വയം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു.
പതിഞ്ഞ വാക്കുകളോടെ വൃദ്ധന്‍ വാ തുറന്നു: 'എനിക്കൊരു വഴിയും കാണുന്നില്ല. കല്യാണച്ചെലവിന്‍റെ കടം കുറേ കൊടുത്തുതീര്‍ക്കാനുണ്ട്. എന്താണ് പറയേണ്ടതെന്ന് എനിക്കറിയുന്നില്ല. ഇത്രയും കാത്തിരുന്നില്ലേ. എന്തെങ്കിലും വഴി പടച്ചോന്‍ കാണിക്കാതിരിക്കില്ല. അതുവരെ ഒരവധി തന്ന് എന്നെ സഹായിക്കണം...' -അയാള്‍ ഇടതടവില്ലാതെ വിരലുകള്‍ മേശമേല്‍ ഉരസിയും അമര്‍ത്തിപ്പിടിച്ചും നിന്നു.
ഇതൊക്കെ കേട്ട് തളങ്കര സ്വദേശിനിയായ ഒരു സ്ത്രീ ജ്വല്ലറിയില്‍നില്‍ക്കുന്നുണ്ടായിരുന്നു. ബന്ധുവിന്‍റെ വിവാഹത്തിന് ഗിഫ്റ്റ്കൊടുക്കാനുള്ള സ്വര്‍ണം വാങ്ങാനെത്തിയതായിരുന്നു അവര്‍. സ്വര്‍ണം സെലക്ട് ചെയ്യുന്നതിനിടയില്‍ ജ്വല്ലറിയുടമയുടെയും ആ വൃദ്ധന്‍റെയും വാക്കുകള്‍ സ്ത്രീ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവര്‍ തിരിഞ്ഞുനിന്ന് വൃദ്ധന്‍റെ മുഖം നോക്കി. വാര്‍ധക്യത്തിന്‍റെ വരള്‍ച്ചയില്‍ വിണ്ടുവീണ മുഖത്ത് കരയാനോങ്ങിനില്‍ക്കുന്ന കണ്ണുകള്‍... ചുണ്ടുകള്‍ സങ്കടംകൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു.
വൃദ്ധന്‍റെ ദയനീയത കണ്ട് സ്ത്രീയുടെ ഹൃദയം പിടച്ചു. ഗിഫ്റ്റ് വേണ്ടെന്നുവെച്ച് അവര്‍ ജ്വല്ലറിയുടമയുടെ അടുത്തേക്ക് നീങ്ങി.
'ഇവര് എത്ര പൈസയാണ് തരാനുള്ളത്...?' -സ്ത്രീ തിരക്കി.
'എഴുപതിനായിരം രൂപ തരാനുണ്ട്. കുറേ മാസങ്ങളായി.കാശ് കിട്ടാതെ ഞാനെന്താണ് ചെയ്യുക...' -ജ്വല്ലറിയുടമ തന്‍റെ പരിഭവം നിരത്തി.
സ്ത്രീ ആ വൃദ്ധന്‍റെ മുഖത്തുനോക്കി ചിരിച്ചു. അരികില്‍ ചെന്ന്മഞ്ഞുതുള്ളികളെടുത്ത് ഹൃദയത്തിലേക്ക് കോരിയിടും പോലെ വൃദ്ധനെ നോക്കി പറഞ്ഞു: 'വിഷമിക്കേണ്ട, കാശ് ഞാന്‍ കൊടുക്കാം. നിങ്ങള്‍ പോയ്ക്കോളൂ...'വൃദ്ധന്‍റെ കണ്ണുകള്‍ നിറഞ്ഞു. പ്രാര്‍ത്ഥനയുടെയും നന്ദിയുടെയും ആയിരം സൂര്യന്‍ ആ കണ്ണുകളില്‍ ജ്വലിക്കുന്നുണ്ടായിരുന്നു. സ്ത്രീ ബാഗ് തുറന്ന് കാശ് എണ്ണി. തികയില്ല.
ഉള്ള കാശെടുത്ത് മേശമേല്‍ വെച്ചു. പതുക്കെ വലതുകയ്യിലെ വള വലിച്ചൂരി.
'ഇത് മതിയാവുമോ...?'ആശ്ചര്യത്തോടെ ജ്വല്ലറി ഉടമ എണീറ്റുനിന്നുപോയി. കണ്ണുകടച്ച് നിര്‍വികാരനായി നിന്ന വൃദ്ധന്‍റെ ചുണ്ടുകള്‍ പതുക്കെ ചലിച്ചു;പ്രാര്‍ത്ഥനയുടെ ആയിരം വചനങ്ങള്‍ നിമിഷനേരം കൊണ്ട് ആ ചുണ്ടുകളില്‍ വന്നുനിറഞ്ഞു.
സ്ത്രീ ഊരിത്തന്ന വള എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന ജ്വല്ലറിയുടമയെ നോക്കി പുഞ്ചിരിയോടെ സ്ത്രീ പറഞ്ഞു:'വിഷമിക്കേണ്ട, വള തൂക്കിനോക്ക്. തികയില്ലെങ്കില്‍ ബാക്കി കാശ് ഞാന്‍ കൊടുത്തുവിടാം. ആ പാവം വൃദ്ധന്‍ പോയ്ക്കോട്ടെ...'കടലോളം കാരുണ്യവുമായി മുന്നില്‍ നിന്ന സ്ത്രീയെ ജ്വല്ലറിയുടമ ആദരവോടെ നോക്കിനിന്നു.
സ്ത്രീ വൃദ്ധനോട് 'പൊയ്ക്കോ' എന്ന് തലയാട്ടിക്കാണിച്ചു. കുപ്പായത്തിന്‍റെ അറ്റം പിടിച്ച് അയാള്‍ നടന്നു. കാണാമറയത്തെത്തുന്നതിന് മുന്പ് ഒരുവട്ടം കൂടി അയാള്‍ തിരിഞ്ഞുനോക്കി. ദൈവത്തെപ്പോലെ തന്‍റെ മുന്പില്‍ പ്രത്യക്ഷപ്പെട്ട ആ സ്ത്രീയെ. സ്ത്രീ അപ്പോഴും അയാളെത്തന്നെ നോക്കി പുഞ്ചിരിച്ചുനില്ക്കുന്നുണ്ടാ
As received by e-mail (Auther : TA Shafi)