Thursday, June 21, 2012

ആശങ്കകള്‍ക്കിടയിലും വായനയുടെ നീര്‍മാതളങ്ങള്‍ പൂത്തുലയുന്നു

കോഴിക്കോട്: പുസ്തകങ്ങളിലൂടെ ജ്ഞാനത്തിന്‍െറ അഗ്നി പടന്നിരുന്നകാലം അവസാനിച്ചെന്നും വായന മലയാളിക്ക് അന്യമായെന്നും ആക്ഷേപമുയരുമ്പോള്‍ പുതിയ പുസ്തകങ്ങളും എ.സി പുസ്തകശാലകളും വായനശാലകളും വായന പുനര്‍ജീവിച്ചെന്ന് തെളിയിക്കുന്നു. ഒ.വി. വിജയന്‍െറ ‘ഖസാക്കിന്‍െറ ഇതിഹാസം’ 52ാം പതിപ്പാണ് ഇപ്പോള്‍ വിറ്റഴിക്കുന്നത്. തകഴിയുടെ ‘ചെമ്മീന്‍’ 14ാം പതിപ്പിറങ്ങിയപ്പോള്‍ എം. മുകുന്ദന്‍െറ ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ എന്ന നോവലിന്‍െറ 31ാം പതിപ്പും ‘ദൈവത്തിന്‍െറ വികൃതികളു’ടെ 19ാം പതിപ്പുമാണ് വിപണിയിലുള്ളത്. 32ാം പതിപ്പിറങ്ങിയ മാധവിക്കുട്ടിയുടെ ‘നീര്‍മാതളം പൂത്തകാലം’ ദിവസങ്ങള്‍ക്കുള്ളില്‍ വിറ്റഴിഞ്ഞുവെന്ന് പുസ്തകശാലക്കാര്‍ പറയുന്നു. എം.ടിയുടെ ‘നാലുകെട്ട്’, ‘അസുരവിത്ത്’,‘കാലം’, ചങ്ങമ്പുഴയുടെ ‘രമണന്‍’, ബേപ്പൂര്‍ സുല്‍ത്താന്‍െറ ‘പാത്തുമ്മയുടെ ആട്, ‘അനുരാഗത്തിന്‍െറ ദിനങ്ങള്‍’ തുടങ്ങിയവ പുതിയ പതിപ്പില്‍ പെട്ടെന്നുതന്നെ വിറ്റഴിയപ്പെടുന്നു. ‘കേരളത്തില്‍ പത്തോളം പുതിയ ഷോപ്പുകളാണ് ഡി.സി ബുക്സ് തുറന്നത്. ബെന്യാമിന്‍െറ ‘ആടുജീവിതം’ ബെസ്റ്റ്സെല്ലര്‍ ആയിരുന്നു. മലയാളത്തില്‍ എം.ടിയുടെയും ഇംഗ്ളീഷില്‍ ചേതന്‍ ഭഗതിന്‍െറയും രചനകളാണ് കൂടുതല്‍ വിറ്റഴിയുന്നത്. പുതിയ എഴുത്തുകാരായ സുഭാഷ് ചന്ദ്രനും സുസ്മേഷ് ചന്ത്രോത്തിനും ഉണ്ണി.ആറിനും കെ.ആര്‍. മീരക്കും പ്രിയ.എസിനും വായനക്കാരേറെയാണ്.
ലൈബ്രറികളില്‍ നിന്നുമെടുത്ത് വായിക്കുന്നവരും കൂടിവരുകയാണ്. കഴിഞ്ഞ വര്‍ഷം 3000 ത്തോളം പുസ്തകങ്ങളാണ് കോഴിക്കോട് ദേശപോഷിണി വായനശാലയില്‍ എത്തിയിട്ടുള്ളത്. അതില്‍ 2003 മലയാളം പുസ്തകങ്ങളും 630 ഇംഗ്ളീഷ് പുസ്തകങ്ങളും 127 ഹിന്ദി ബുക്കുകളുമുണ്ട്. ‘ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട ബെന്യാമിന്‍െറ ആടുജീവിതത്തിന്‍െറ ആറു കോപ്പിയും വായനക്കാര്‍ കൈമാറിക്കൊണ്ടേയിരുന്നിരുന്നു. ചേതന്‍ ഭഗതിന്‍െറ എല്ലാ നോവലുകളുടെയും മൂന്നുകോപ്പി വീതവുമുണ്ട്. അതിനും ഷെല്‍ഫിലിരിക്കാന്‍ സമയമില്ല.’ -ലൈബ്രേറിയന്‍ വിശ്വനാഥന്‍ പറയുന്നു. മിക്ക ലൈബ്രറികളിലും അംഗത്വവും കൂടിവരുന്നുണ്ട്. ‘2011-2012ല്‍ ജില്ലയില്‍ മാത്രം 12 പുതിയ ലൈബ്രറികളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, ഒരു ലൈബ്രറിയും പൂട്ടിയിട്ടില്ല.



http://www.madhyamam.com/news/173869/120619



No comments: