Thursday, September 27, 2012

ശോഭനയുടെ പതിനയ്യായിരം രൂപ


തിരുവനന്തപുരം തമ്പാനൂര്‍ സാവിത്രിഭവനില്‍ ആര്‍. ശോഭനയും ഭര്‍ത്താവ് പി.കെ. തമ്പിരാജും ചേര്‍ന്ന് 1984ലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്‍െറ ചാല ബ്രാഞ്ചില്‍നിന്ന് 15,000 രൂപ വായ്പയെടുക്കുന്നത്. സമയത്തിന് പണം തിരികെയടക്കാന്‍ അവര്‍ക്ക് കഴിയാതെവന്നപ്പോള്‍ ബാങ്ക് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. കേസ് തീര്‍പ്പിനു വരുമ്പോള്‍ വായ്പാതുക പലിശയടക്കം 19,500 രൂപയായി ഉയര്‍ന്നിരുന്നു. വായ്പക്ക് ഈടായി നല്‍കിയ കടമുറി ജപ്തി ചെയ്യാന്‍ കോടതി ബാങ്കിന് അനുമതി നല്‍കി. വര്‍ഷം 14,000 രൂപ വാടകലഭിച്ചിരുന്ന ഈ മുറി പിന്നീട് കോടതിയുടെ നിയന്ത്രണത്തിലായി.

1996 ജൂലൈ മുതല്‍ 2006 മേയ് വരെ ഈ മുറിയില്‍നിന്നുള്ള വാടക ബാങ്ക് വസൂലാക്കി. ഇത് ഒന്നര ലക്ഷത്തോളം വരുമെന്നോര്‍ക്കുക. 2007 ജൂലൈ 10ന് ബാങ്ക് ഈ മുറി 10,10,001 രൂപക്ക് വിറ്റു. ഇതിനിടെ ശോഭനയുടെ ഭര്‍ത്താവ് തമ്പിരാജന്‍ മരണപ്പെടുന്നുണ്ട്. ശോഭനയുടെ മൂന്ന് കുട്ടികളുള്ളതില്‍ ഒരാള്‍ ബുദ്ധിമാന്ദ്യമുള്ളയാളും മറ്റൊരാള്‍ മാനസിക വൈകല്യമുള്ളയാളുമാണ്. അടക്കാനുള്ള തുക കഴിച്ച് ബാക്കി തനിക്ക് നല്‍കണമെന്ന് അവര്‍ ബാങ്കിനോടാവശ്യപ്പെട്ടു; അവര്‍ കനിഞ്ഞില്ല. ശോഭന ഹൈകോടതിയെ സമീപിച്ചു. ഈ കെട്ടിടം മാത്രമാണ് തങ്ങളുടെ ജീവിതവരുമാനമെന്നും ബാക്കി തുക നല്‍കണമെന്നും അവര്‍ ഹരജിയില്‍ ആവശ്യപ്പെട്ടു. 2012 ജൂലൈയില്‍ ഇടക്കാല ഉത്തരവില്‍ ഹരജിക്കാരോട് സഹതാപപൂര്‍ണമായ സമീപനം സ്വീകരിക്കാന്‍ കോടതി ആവശ്യപ്പെട്ടു. എന്നാല്‍, ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് പണം തിരികെ നല്‍കാനാവില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. ജസ്റ്റിസുമാരായ സി.എന്‍. രാമചന്ദ്രന്‍ നായര്‍, പി.എസ്. ഗോപിനാഥന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ചൊവ്വാഴ്ച കേസിന്‍െറ അന്തിമവിധി പ്രസ്താവിച്ചു. ശരിയായ രീതിയിലല്ല ഇക്കാര്യത്തില്‍ ബാങ്കിന്‍െറ ഇടപാടുകളെന്ന് വിലയിരുത്തിയ ബെഞ്ച് രണ്ടാഴ്ചക്കകം ഹരജിക്കാരിക്ക് 6.50 ലക്ഷം രൂപ തിരികെ നല്‍കണമെന്ന് വിധിച്ചു. 

നിയമത്തിന്‍െറ സാങ്കേതികത്വം വെച്ച് നോക്കുമ്പോള്‍ ബാങ്ക് നടപടി ശരിയാണെങ്കിലും ഭരണഘടനയുടെ 226ാം അനുച്ഛേദം അനുസരിച്ചുള്ള പ്രത്യേകാധികാരം ഉപയോഗിച്ചാണ് വിധിയെന്നും കോടതി പറഞ്ഞു.
പല നിലക്ക് ശ്രദ്ധിക്കേണ്ടതാണ് ഈ കേസും വിധിയും. വെറുമൊരു 15,000 രൂപക്കുവേണ്ടി പലിശബാങ്കിനെ സമീപിക്കേണ്ടിവന്നുവെന്നതുതന്നെ നമ്മുടെ സാമൂഹിക ബന്ധങ്ങള്‍ എത്രമാത്രം ദുര്‍ബലമാണ് എന്നതിന്‍െറ തെളിവാണ്. ഒരു താല്‍ക്കാലിക ആവശ്യത്തിനുവേണ്ടി ഇത്രയും ചെറിയൊരു തുക വായ്പയെടുത്ത കുടുംബം ഈ വിധം കുടുങ്ങിയിട്ടുണ്ടെങ്കില്‍ പല ആവശ്യങ്ങള്‍ക്കായി വന്‍ തുക ബാങ്കുകളില്‍ നിന്നെടുത്തവരുടെ ശരിക്കുമുള്ള അവസ്ഥയെന്തായിരിക്കും? അതോര്‍ത്ത് പേടിക്കുന്നവരാണ് കേരളത്തിന്‍െറ ആത്മഹത്യാനിരക്കിനെ സമ്പന്നമാക്കുന്നത്. 

ശോഭനയുടേത് ഒരു കടമുറിയെങ്കിലുമുള്ള കുടുംബത്തിന്‍െറ കാര്യം. സ്വാശ്രയ കോളജുകളില്‍ പഠിക്കാന്‍വേണ്ടി ലക്ഷങ്ങള്‍ വായ്പയെടുത്ത ചെറുപ്പക്കാരുടെ വലിയൊരു തലമുറ തന്നെ ഇവിടെയുണ്ടെന്നോര്‍ക്കുക. എന്നോ ലഭിക്കാനിടയുള്ള ശമ്പളത്തെക്കുറിച്ച പ്രതീക്ഷ മാത്രമാണ് അവരുടെ മൂലധനം. വായ്പയെടുത്ത് ഇപ്പോള്‍ ജോലിയില്‍ പ്രവേശിച്ചവരില്‍ പലര്‍ക്കും ഇപ്പോള്‍ ലഭിക്കുന്ന ശമ്പളവും അവരെടുത്ത ലോണിന്‍െറ പലിശനിരക്കും വെച്ച് താരതമ്യത്തിന് മുതിര്‍ന്നാല്‍ ഹൃദയം സ്തംഭിച്ചുപോവും. ഓര്‍ക്കുക, ഭാവിരാഷ്ട്രത്തെ കെട്ടിപ്പടുക്കേണ്ട ചെറുപ്പക്കാരാണ് ഈ വിധം പലിശക്കെണിയില്‍ ബന്ദിയാക്കപ്പെട്ട് നില്‍ക്കുന്നത്. കടക്കെണിയില്‍പെട്ട വിദ്യാര്‍ഥികളെക്കുറിച്ച് ഗൗരവത്തിലുള്ള ഒരു വസ്തുതാപഠനം പോലും നടന്നിട്ടില്ലെന്നതാണ് സത്യം.

കഴുത്തറുപ്പന്‍ പലിശ ഈടാക്കി, മാനുഷികമായ ബന്ധങ്ങള്‍ക്ക് വിലകല്‍പിക്കാത്ത ബാങ്കുകളുടെ സമീപനത്തെ ജസ്റ്റിസുമാര്‍ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നു. പൊതുമേഖലാ ബാങ്കുകള്‍ ബ്ളേഡ് കമ്പനികളാവരുതെന്നാണ് കോടതി പറഞ്ഞത്. പല സ്വകാര്യ ബാങ്കുകളും പ്രഫഷനല്‍ ബ്ളേഡ് കമ്പനികളാണെന്നറിഞ്ഞുകൊണ്ടായിരിക്കും കോടതി ഈ പരാമര്‍ശം നടത്തിയത്. ശോഭനയുടെ പതിനയ്യായിരത്തിന് പിന്നാലെ പോയ ബാങ്കുകള്‍ ഒരിക്കലും വന്‍കിട കമ്പനികളും കോര്‍പറേറ്റുകളും നല്‍കാനുള്ള ബഹുകോടികളുടെ കുടിശ്ശികയെക്കുറിച്ച് ഒരക്ഷരം മിണ്ടില്ല എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.
ഇതിന് അത്രയെളുപ്പമൊന്നും പരിഹാരമില്ല. കാരണം, പലിശയെന്ന കാഴ്ചപ്പാടുതന്നെയാണ് അടിസ്ഥാന പ്രശ്നം. തികഞ്ഞ ഭൗതിക, ലാഭാധിഷ്ഠിത ലോകവീക്ഷണത്തിന്‍െറ സാമ്പത്തിക ഉല്‍പന്നമാണ് പലിശ. 

പലിശരഹിതവും ചൂഷണമുക്തവുമായ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഗൗരവത്തില്‍ ആലോചിക്കാന്‍പോലും ആര്‍ക്കും കഴിയുന്നില്ല. ഇനി, ആരെങ്കിലും അതേക്കുറിച്ച് പറഞ്ഞെങ്കില്‍ മതമൗലികവാദം, തീവ്രവാദം എന്നൊക്കെപ്പറഞ്ഞ് വീരശൂരദേശഭക്തര്‍ ബഹളം സൃഷ്ടിക്കും. പലിശക്ക് മുന്നില്‍ അന്ധാളിച്ചുനിന്ന് ജീവന്‍ വെടിയുന്നവരുടെ കാര്യത്തില്‍ അവര്‍ക്കെന്ത് ചേതം?
പലിശക്കെണിയുടെ കാര്യത്തില്‍ ബാങ്കുകളെ മാത്രം കുറ്റപ്പെടുത്തുന്നതിലും അര്‍ഥമുണ്ടെന്ന് തോന്നുന്നില്ല. നിസ്സാരമായ കാര്യങ്ങള്‍ക്കും അനാവശ്യമായ ആര്‍ഭാടങ്ങള്‍ക്കും പൊങ്ങച്ചപ്രകടനങ്ങള്‍ക്കുംവേണ്ടി പണത്തിനാവശ്യം വരുമ്പോള്‍ നേരെ ബാങ്കിലേക്കോടുന്ന പ്രവണത വ്യാപകമാണ്. കാര്‍ഷിക വായ്പയെടുത്ത് വീടിന്‍െറ രണ്ടാം നില നിര്‍മിക്കുന്നവരും, പണി പൂര്‍ത്തിയാവുന്നതിനുമുമ്പ് കയറില്‍ ജീവനൊടുക്കുന്നവരും നാട്ടില്‍ ഒട്ടുവളരെയുണ്ട്. 

കാര്‍ഷികവായ്പ, സ്വര്‍ണം വാങ്ങാന്‍ വേണ്ടി വ്യാപകമായി ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് ‘മാധ്യമം’ കഴിഞ്ഞയാഴ്ച വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ജ്വല്ലറികളും ബാങ്കുകളും ചേര്‍ന്നുള്ള ഒത്തുകളിയിലൂടെയാണ് ഈ ഏര്‍പ്പാട് തിടംവെച്ച് മുന്നേറുന്നത്. ഏതാനും വര്‍ഷം കഴിയുമ്പോള്‍ ഇവരും ആത്മഹത്യാ മുനമ്പിലേക്കായിരിക്കും പോകുന്നത്. ജ്വല്ലറികളും ബാങ്കുകളും ഷൈലോക്കിന്‍െറ ചിരി ചിരിക്കും.

തമ്പാനൂരിലെ ശോഭനക്ക്, ഒത്തിരി കഷ്ടപ്പെട്ടാണെങ്കിലും നീതി ലഭിച്ചു. ഇതിനുപോലും സാധ്യതയില്ലാതെ പലിശക്കെണിയില്‍പെട്ടുഴലുന്നവരെ ഓര്‍ത്ത് ദു$ഖിക്കുകയല്ലാതെന്തു ചെയ്യാന്‍?

Source: http://www.madhyamam.com/news/192717/120927

No comments: