കേരളത്തിലെ ഹൃദ്രാഗ വിദഗ്ധരില്‍ പ്രമുഖനും കാര്‍ഡിയോളജി വിദ്യാര്‍ഥികള്‍ ഒരു ടെക്സ്റ്റ് ബുക്കായി കരുതുന്ന ‘ഹാര്‍ട്ടറിവ്’ എന്ന പുസ്തകത്തിന്‍െറ കര്‍ത്താവുമാണ് ഡോ. കെ. സുഗതന്‍. കോഴിക്കോട് നഗരത്തിലെ രാരിച്ചന്‍ റോഡില്‍ ചികില്‍സക്കൊപ്പം സാമൂഹിക,ധൈഷണിക ഇടപെടലുകളും എഴുത്തും പുസ്തക രചനയുമായി കഴിയുന്ന ഇദ്ദേഹം നമ്മുടെ ആരോഗത്തെക്കുറിച്ചും ആരോഗ്യ ശീലങ്ങളെ കുറിച്ചും സംസാരിക്കുന്നു. കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ചാപ്റ്റര്‍ പ്രസിഡന്റ്, കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്‍െറ സംസ്ഥാന വൈസ്പ്രസിഡന്റ്, സയന്‍സ് സെന്‍റര്‍ ചെയര്‍മാന്‍ എന്നിനിലകളില്‍ പ്രവര്‍ത്തിച്ച ഡോ. സുഗതന്‍ വൈദ്യശാസ്ത്രം പഠിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളജ്, ദല്‍ഹി മൗലാന ആസാദ് മഡിക്കല്‍ കോളജ്,ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നിവിടങ്ങളില്‍ നിന്നാണ്. തുടക്കത്തില്‍ അസിസ്റ്റന്‍റ് സര്‍ജനായും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അധ്യാപകനായും മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടായും പ്രവര്‍ത്തിച്ചു. കാര്‍ഡിയോളജി വിഭാഗത്തിന്‍െറ തലവനായാണ് വിരമിച്ചത്. കാലിക്കറ്റ് സര്‍വകലാശാല സെനറ്റില്‍ എട്ടുവര്‍ഷത്തോളം അംഗമായിരുന്നു. ‘മൊഴിയറിവ്’ എന്ന പേരില്‍ ഒരു ഭാഷാശാസ്ത്ര ഗ്രന്ഥവും മതങ്ങളുടെ ഉത്ഭവത്തെ കുറിച്ചും പൊരുളിനെ കുറിച്ചും ആഴത്തില്‍ ചിന്തിക്കുന്ന ‘ബുദ്ധനും നാണുഗുരുവും’ എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. ‘മൊഴിയറിവി’ന് വിജ്ഞാന സാഹിത്യത്തിനുള്ള അബുദാബി ശക്തി അവാര്‍ഡ് ലഭിച്ചു.
തലമുറകള്‍ കൈമാറി വന്ന ശീലങ്ങള്‍ സായിപ്പ് പറയുമ്പോഴേക്കും നമ്മള്‍ മാറ്റിമറിക്കണമോ...? അവര്‍ പറയുന്നതെന്തും കണ്ണുംചിമ്മി സ്വീകരിക്കണമോ...?പഴയവയെ തള്ളി പുതിയവയെ സ്വീകരിക്കുന്നത് ഒന്നാലോചിച്ചിട്ടുപോരെ....?ചോദിക്കുന്നത് ഡോ.കെ. സുഗതന്‍. ഹൃദയചികില്‍സയില്‍ പതിറ്റാണ്ടുകളൂടെ പ്രാഗത്ഭ്യവുമായി എഴുപത്തിയഞ്ചാം വയസിലും ചുറുചുറുക്കോടെ ജീവിക്കുന്ന‘ചെറുപ്പ’ക്കാരന്.
രാവിലെ ഒരു കപ്പ് കുമ്പളങ്ങാനീര്. തുടര്‍ന്ന് അരമണിക്കൂര്‍ നടത്തം. തിരിച്ചുവന്നാല്‍ പ്രാതലിന് രണ്ട് പഴം. ഉച്ചക്ക് അരക്കപ്പ് ചോറും ഒരുപ്ളേററ് വെജിറ്റബിള്‍ സലാഡും... ഇതൊക്കെയാണ് ഡോക്ടറുടെ ഒരു ദിവസത്തെ ഭക്ഷണ-വ്യായാമ ക്രമങ്ങള്‍ എന്ന് ധരിച്ചെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഈ ഡോക്ടര്‍ ഒരു സാധാരണക്കാരനാണ്. മുണ്ടുടുത്ത് നല്ല മലയാളം മാത്രം സംസാരിക്കുന്ന നാട്ടിന്‍പുറത്തുകാരന്‍. രാവിലെ എഴുന്നേറ്റയുടന്‍ ചായയും പ്രഭാതഭക്ഷണമായി ഇഡലിയോ ദോശയോ പുട്ടോ കഴിക്കുന്ന, ഉച്ചക്ക് സ്ഥിരമായി മീന്‍കറിയും വല്ലപ്പോഴും കോഴിക്കറിയും കൂട്ടി ചോറുണ്ണുന്ന, ഇടനേരത്ത് അടയും അവിലുകുഴച്ചതും പോലുള്ള പലഹാരങ്ങള്‍ കഴിക്കുന്ന തനിനാടന്‍......
പക്ഷെ, മനുഷ്യന്‍െറ ആരോഗ്യത്തെ കുറിച്ചും ഭക്ഷണത്തെ കുറിച്ചുമെല്ലാം ഈ ചികില്‍സകന് വ്യക്തമായ കാഴ്ചപ്പാടും അഭിപ്രായങ്ങളുമുണ്ട്. ജീവിതത്തില്‍ മറ്റെല്ലാ രംഗത്തെയും പോലെ ഭക്ഷണത്തിന്‍െറ കാര്യത്തിലും ‘മൗലികവാദം’ വേണ്ടെന്നാണ് ഇദ്ദേഹത്തിന്‍െറ പക്ഷം. ശരീരത്തിന് ആവശ്യമായ കൊഴുപ്പ്, മാംസ്യം, അന്നജം എന്നിവയടങ്ങുന്ന ഭക്ഷണങ്ങള്‍ മിതമായ അളവില്‍ കഴിക്കുകയും ആവശ്യത്തിന് വ്യായാമം ചെയ്യുകയും ചെയ്താല്‍ വലിയ കുഴപ്പമൊന്നും കൂടാതെ ആരോഗ്യത്തോടെ ജീവിക്കാമെന്ന് ഇദ്ദേഹം വിശ്വസിക്കുന്നു. പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങളെ അകറ്റിനിര്‍ത്തണം എന്ന് മാത്രം. ഇതിനൊക്കെ തെളിവായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് സ്വന്തം ജീവിതം തന്നെയാണ്്.
ബേക്കറി പലഹാരങ്ങളും ഫാസ്റ്റ് ഫുഡും ഒഴിവാക്കി ഇടക്ക് ശരീരത്തിന്‍െറ തൂക്കം നോക്കി ഭാരം കൂടാതെ നോക്കണം. വ്യായാമം കൃത്യമായി ചെയ്ത് പ്രഷര്‍,ഷുഗര്‍,കൊളസ്ട്രോള്‍ എന്നി ത്രിമൂര്‍ത്തികളെ പ്രസാദിപ്പിച്ചു നിര്‍ത്തണം.
എണ്ണകഴിയുന്നത്ര ഒഴിവാക്കണം. എന്നുവെച്ച് സായിപ്പിനോടുള്ള ആരാധനമൂത്ത് വെളിച്ചെണ്ണ ഒഴിവാക്കി സണ്‍ഫ്ളവര്‍ ഓയിലിന്‍െറ പിറകെ പോകണ്ട. അമേരിക്കക്കാരന്‍െറ പഠനവും ഗവേഷണവുമെല്ലാം ഇടക്കിടെ മാറിമറിയും. സണ്‍ഫ്ളവര്‍ ഓയില്‍ ഉപയോഗിക്കുന്നവരില്‍ പ്രമേഹം കൂടുതലായി കണ്ടുവരുന്നുണ്ട് എന്ന് സായിപ്പ് നാളെ കണക്കുകള്‍ നിരത്തി പറഞ്ഞെന്ന് വരും. അപ്പോള്‍ കൊളോസ്ട്രോളിനെ മൊഴിചൊല്ലി ഷുഗറിനെ കെട്ടിയതുപോലെയാകും സംഗതി.
വെളിച്ചെണ്ണയെ അങ്ങിനെയങ്ങ് അയിത്തം കല്‍പിച്ച് പുറത്തുനിര്‍ത്തേണ്ടകാര്യമുണ്ടോ എന്ന് ചിന്തിക്കണം. രോഗങ്ങളെ ഭയന്ന് കഠിനമായി ഭക്ഷണം നിയന്ത്രിച്ച് ആവശ്യത്തിന് പോഷണം ലഭിക്കാതെ മറ്റ് രോഗങ്ങള്‍ വരാതെ നോക്കണം.
കപ്പയും മത്തിയും കഴിച്ചാല്‍ ആവശ്യത്തിന് അന്നജവും കൊഴുപ്പും മാസ്യവും ലഭിക്കും. വലിയ കുഴപ്പങ്ങളില്ലാത്ത ഭക്ഷണചേരുവയാണത്. നിരന്തര ഗവേഷണങ്ങള്‍ നടത്തി കണ്ടുപിടിച്ചതല്ലെങ്കിലും നമ്മുടെ ചോറും സാമ്പാറും തോരനും അവിയലും തൈരുമെല്ലാം ഉള്‍പ്പെടുന്ന ഊണ് ഒരു കണക്കിന് സമീകൃത ആഹാരമാണ്. അടയും വടയും കണ്ടാല്‍ വടവേണ്ട അട മതി എന്ന പോളിസിയാണ് നല്ലത്. എണ്ണയില്‍ പൊരിച്ചതിനേക്കാള്‍ നല്ലത് ആവിയില്‍ വെന്തതാണെന്ന് ചുരുക്കം. ചോറിന് തവിടുകളയാത്ത അരിമതി. അവില്‍ കഴിക്കുമ്പോള്‍ തവിടിന്‍െറ ഗുണം കൂടി ലഭിക്കുന്നു. ശര്‍ക്കരയാണ് പഞ്ചസാരയേക്കാള്‍ നല്ലത്. ഇഡ്ലിയും ദോശയും കഴിക്കുമ്പോള്‍ ധാരാളം പച്ചക്കറികഷ്ണങ്ങളുള്ള സാമ്പാറാണ് നല്ലത്. എന്നാല്‍ വല്ലപ്പോഴും ചട്ണി കഴിക്കുന്നതുകൊണ്ട് വലിയ കുഴപ്പമൊന്നുമില്ല. ഇടക്ക് ചപ്പാത്തിയുടെ കൂടെ മുട്ടകഴിക്കാം. എന്നാല്‍ പതിവാക്കേണ്ട.
ലോകാരോഗ്യ സംഘടനയുടെ ഫെലോഷിപ്പില്‍ ബള്‍ഗേറിയ, ഫിന്‍ലാന്റ്, ബെല്‍ജിയം,സ്വീഡന്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ഡോക്ടര്‍ അവിടങ്ങളിലെ ഭക്ഷണരീതികളെല്ലാം കണ്ടിട്ടുണ്ട്. ഇത് മാത്രമാണ് ശരി; മറ്റുള്ളതെല്ലാം തെറ്റാണെന്ന നിലപാട് ആഹാരത്തോട് വേണ്ട. ഒരോ രാജ്യത്തും അവിടങ്ങളിലെ രീതികളുണ്ട്. ഓരോ സ്ഥലത്തും കാലാവസ്ഥയും മനുഷ്യരുടെ ജീവിതരീതിയും ലഭ്യമായ തീറ്റവസ്തുക്കളും വ്യത്യസ്തമാണ്്. അതുകൊണ്ടുതന്നെ അവിടത്തെ ആഹാരരീതികള്‍ക്കും മാറ്റമുണ്ടാകാം.
ഭക്ഷണവും ആയുസും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞാല്‍ നമ്മുടെ ആന്തരിക അവയവങ്ങളെ കേട് വരുത്തുന്ന ഭക്ഷണങ്ങള്‍ നിരന്തരം കഴിക്കരുത്. അങ്ങിനെ കഴിച്ചാല്‍ കാലാവധിക്ക് മുമ്പ് അവ ജോലിയവസാനിപ്പിക്കും. പ്രധാനപ്പെട്ട ആന്തരികാവയവങ്ങള്‍ പണിമുടക്കിയാല്‍ പിന്നെ ആയുസിന്‍െറ കാര്യം പറയേണ്ടല്ലോ.
ഇന്നും തന്നെ തേടിയെത്തുന്ന രോഗികള്‍ക്ക് ചികില്‍സ നിശ്ചയിക്കുന്നതിന് പുറമെ പീഡനമാവാത്ത പഥ്യങ്ങള്‍ മാത്രമാണ് ഇദ്ദേഹം നിര്‍ദ്ദേശിക്കുക.
ഡോക്ടര്‍മാരുടെ ഉപദേശം തെറ്റായി വ്യാഖ്യാനിക്കുന്നതുകൊണ്ടാണ് വല്ലപ്പോഴും ഒരു കശുവണ്ടിപ്പരിപ്പ് കൊറിക്കുമ്പോഴോ അറിയാതെ ഒരു കഷ്ണം കായവറുത്തത് കടിക്കുമ്പോഴോ വീട്ടുകാര്‍ കണ്ണുരുട്ടുന്നത്. രോഗികളോടും രോഗികളല്ലാത്തവരോടും ഈ ഡോക്ടര്‍ക്ക് ആദ്യമായും അവസാനമായും ഒന്നേ പറയാനുള്ളു...ജീവിതത്തില്‍ നല്ല ശൈലി പിന്‍തുടരുകയാണ് വേണ്ടത്. ആവശ്യത്തില്‍ അധികം ഭക്ഷണം കഴിക്കരുത്. അതും ഇറച്ചിയും എണ്ണയും നെയ്യും വെണ്ണയും പഞ്ചസാരയും കൂടുതലുള്ള ഭക്ഷണം.
പതിവായി വ്യായാമം ചെയ്യുക. പുകവലി, മദ്യപാനം, കോപം,അസൂയ എന്നിവ ഒഴിവാക്കുക. മനസ്സിന്‍െറ പിരിമുറുക്കം കുറക്കുന്ന വിനോദങ്ങളിലും ഓരോരുത്തരുടെയും വിശ്വാസമനുസരിച്ച് ധ്യാനം, പ്രാര്‍ഥന തുടങ്ങിയ കാര്യങ്ങള്‍ കഴിയുമെങ്കില്‍ ശീലിക്കുക. നിരന്തരമായ മാനസിക സംഘര്‍ഷങ്ങളും സമാധാനഭംഗവും ശരീരത്തിന്‍െറ മൊത്തം പ്രവര്‍ത്തനത്തെ ബാധിക്കുകയും വ്യക്തി രോഗങ്ങളുടെ പാതയിലേക്ക് യാത്രതുടങ്ങുകയും ചെയ്യും. അതുകൊണ്ട് കഴിക്കുന്ന ഭക്ഷണത്തില്‍ മാത്രമല്ല ശ്രദ്ധ പുലര്‍ത്തേണ്ടത്. ജീവിത രീതിയിലും ചിന്തകളിലും പ്രവര്‍ത്തികളിലും നന്മ കാത്തുസൂക്ഷിക്കുക.
‘നിങ്ങള്‍ രുചിയുള്ള ഭക്ഷണം കഴിക്കുന്നതില്‍ ആര്‍ക്കും വിരോധമില്ല. ഇടക്കിടെ രക്തം പരിശോധിക്കുക, തൂക്കവും രക്തസമ്മര്‍ദ്ദവും നോക്കുക, നിങ്ങള്‍ മര്യാദക്കാരനാണെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടെങ്കില്‍ ആരേയും പേടിക്കണ്ട... ’
(തയാറാക്കിയത്- രാധാകൃഷ്ണന്‍ തിരൂര്‍ )
Source: http://www.madhyamam.com/news/201040/121119